
കൊച്ചി: അന്തരിച്ച സി പി എം നേതാവ് എം എം ലോറന്സിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പുതിയ വഴിത്തിരിവ്. പള്ളിയിലെ സെമിത്തേരിയില്‍ ലോറന്‍സിന്‍റെ മൃതദേഹം അടക്കം ചെയ്യണമെന്ന ആവശ്യവുമായി പെണ്‍മക്കള്‍ ഹൈക്കോടതയില്‍ പുനഃപരിശോധന ഹർജി നല്‍കി. തന്റെ സംസ്‌കാരചടങ്ങുകള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച് എം എം ലോറന്‍സ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി രംഗത്തെത്തിയ ശേഷമാണ് പെണ്‍മക്കള്‍ പുനഃപരിശോധന ഹർജി നൽകിയത്.
സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് അടക്കണമെന്നും എം എം ലോറന്‍സ് പറയുന്ന വീഡിയോ ഉണ്ടെന്നാണ് ഇവരുടെ അവകാശ വാദം. എം എം ലോറന്‍സിന്റെ മുഖം ഇല്ലാതെ ശബ്ദം മാത്രമുള്ള വീഡിയോ ആണ് എം എം ലോറന്‍സിന്റെ പെണ്‍മക്കളായ സുജാതയും ആശയും പുറത്ത് വിട്ടത്. 2022 ഫെബ്രുവരി 25 ലാണ് എം എം ലോറന്‍സ് ഇക്കാര്യം പറഞ്ഞതെന്നും ഹൈക്കോടതിയില്‍ ഈ വീഡിയോ കൈമാറി പുനഃപരിശോധന ഹര്‍ജി നല്‍കിയെന്നുമാണ് പെണ്‍മക്കള്‍ പറയുന്നത്.
സഹോദരന്‍ സമ്മതം ചോദിക്കാതെയാണ് മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാനുള്ള തീരുമാനം പാര്‍ട്ടി പിന്തുണയില്‍ എടുത്തതെന്നും വാര്‍ത്താസമ്മേളനത്തില്‍ പെണ്‍മക്കള്‍ പറഞ്ഞു. മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ എം എം ലോറന്സിന്റെ മൃതദേഹം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 21 നായിരുന്നു എം എം ലോറന്‍സ് മരണപ്പെട്ടത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു ലോറൻസ് അന്തരിച്ചത്.