കൽപ്പറ്റ: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി ഉന്നതിയിൽ രാധയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി എംപി. രാധയുടെ ഭർത്താവ് അച്ചപ്പനോടും മകൻ അനിലിനോടുമാണ് പ്രിയങ്ക ഗാന്ധി ഫോണിൽ സംസാരിച്ചത്. സംഭവത്തിൽ ദുഃഖം അറിയിക്കുകയും കുടുംബത്തിനൊപ്പമുണ്ടാവുമെന്ന് പ്രിയങ്ക ഉറപ്പു നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലും പ്രിയങ്ക ഗാന്ധി കടുവ ആക്രമണത്തിൽ പരിക്കേറ്റ രാധയ്ക്ക് അനുശോചനം അറിയിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ സുസ്ഥിരമായ പരിഹാരങ്ങൾ അടിയന്തിരമായി ആവശ്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പ്രിയങ്ക ഗാന്ധി കുറിച്ചിരുന്നു.