
ബെയ്ജിംഗ്: യുഎസിന് കടുത്ത മുന്നറിയിപ്പ് നൽകി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അതിനും തയാറാണ് എന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. തീരുവ യുദ്ധമാണങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമാണെങ്കിലും ചൈന തയാറാണ്. അവസാനം കാണുന്നത് വരെ പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. യുഎസ് ചൈനയ്ക്ക് മേൽ 10 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവിന്‍റെ കടുത്ത പ്രതികരണം.
നിസാര കാരണങ്ങൾ പറഞ്ഞാണ് യുഎസ് ചൈനക്ക് അധിക തീരുവ ചുമത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഎസിനെ സഹായിക്കാനാണ് എപ്പോഴും ചൈന ശ്രമിച്ചിട്ടുള്ളത്. ചൈനയുടെ ഈ ശ്രമങ്ങളെ അംഗീകരിക്കുന്നതിന് പകരം കുറ്റം മുഴുവൻ ഇങ്ങോട്ട് ചാർത്താനാണ് യുഎസ് ശ്രമിക്കുന്നത്. കൂടുതൽ തീരുവ ചുമത്തി ചൈനയെ സമ്മർദത്തിലാക്കാനാണ് യുഎസിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണി ഞങ്ങളുടെയടുത്ത് വിലപ്പോകില്ല. ചൈനയുമായി ഒരു പ്രശ്നം ചർച്ച ചെയ്യുന്നതിനുള്ള നല്ല വഴി ഇതല്ല. പ്രശ്നം പരിഹരിക്കണമെന്ന് യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചൈനയുമായി ചർച്ചക്ക് തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.