
വാഷിംഗ്ടൺ: പൗരത്വ അപേക്ഷകർക്ക് മുന്നറിയിപ്പുമായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‍സിഐഎസ്). പൗരത്വ അപേക്ഷയിൽ എന്തെങ്കിലും തിരിമറി കാണിക്കാൻ ശ്രമിച്ചാല്‍ കണ്ടെത്തുമെന്നാണ് മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് അൽ ഷാം (ഐസിസ്) എന്ന വിദേശ തീവ്രവാദ സംഘടനയുമായുള്ള ബന്ധം മറച്ചുവെക്കാൻ തന്‍റെ സ്വാഭാവിക പൗരത്വ അപേക്ഷയിൽ കൃത്രിമത്വം കാണിച്ച ഒരാൾ പിടിയിലായിരുന്നു. ന്യൂജേഴ്‌സിയിൽ നിന്നുള്ള 44 കാരനായ ഗഫൂർ അബ്ദുദ്‌സമി ലോവിച്ച് അലിയേവിനെതിരെ ഫെഡറൽ കുറ്റപത്രം വന്നതിനെ തുടർന്നാണ് ഏജൻസിയുടെ ഈ സന്ദേശം.
ന്യൂജേഴ്‌സി ഡിസ്ട്രിക്റ്റിലെ ഫെഡറൽ ഗ്രാൻഡ് ജൂറി നൽകിയ രണ്ട് കുറ്റപത്രങ്ങൾ പ്രകാരം അലിയേവിനെതിരെ സ്വാഭാവിക പൗരത്വ അപേക്ഷയിൽ തെറ്റായ പ്രസ്താവന നൽകിയതിനും കൃത്രമത്വം കാണിച്ചതിനും കേസെടുത്തിട്ടുണ്ട്. 2018 ജനുവരി മുതൽ 2020 ജനുവരി വരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നാണ് ഈ ആരോപണങ്ങൾ ഉണ്ടാകുന്നത്. ഈ കാലയളവിൽ അദ്ദേഹം ഐസിസ് അംഗങ്ങൾ, അനുഭാവികൾ, സാധ്യതയുള്ള റിക്രൂട്ട്‌മെന്റുകൾ എന്നിവരെ ലക്ഷ്യമിട്ടുള്ള എൻക്രിപ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ചാനലുകളുടെ മോഡറേറ്ററായി അല്ലെങ്കിൽ അംഗമായി പ്രവർത്തിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ആയുധങ്ങൾ വാങ്ങാൻ ഐസിസിന് പണം അയച്ചതായി 2020 ഓഗസ്റ്റ് ഏഴിന് അലിയേവ് സമ്മതിച്ചതായി ആരോപിക്കപ്പെടുന്നു. 2020 ഓഗസ്റ്റ് 16-ന്, 100 ഡോളർ മുതൽ 400 ഡോളർ വരെയുള്ള ചെറിയ തുകകൾ പോലും ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ ഇയാൾ ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ആരോപണങ്ങൾ നിലനില്‍ക്കുമ്പോഴും 2020 ഡിസംബർ 26ന് അലിയേവ് യുഎസ്‍സിഐഎസിന് ഒരു സ്വാഭാവിക പൗരത്വ അപേക്ഷ സമർപ്പിച്ചു. ഒരു തീവ്രവാദ സംഘടനയുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്ന് പറയുകയും പൗരത്വം നേടാൻ ശ്രമിച്ചുവെന്നുമാണ് അധികൃതര്‍ പറയുന്നത്.