
വാഷിംഗ്ടണ്‍ : അനധികൃത കുടിയേറ്റം ചൂണ്ടിക്കാട്ടി ഇമിഗ്രേഷന്‍ അധികൃതര്‍ തന്റെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടും, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വോട്ട് ചെയ്ത വിസ്‌കോണ്‍സിന്‍ സ്വദേശി തന്റെ തീരുമാനത്തില്‍ ഖേദിക്കുന്നില്ലെന്ന് പറയുന്നതായി റിപ്പോര്‍ട്ട്.
പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ബ്രാഡ്ലി ബാര്‍ട്ടലും ഭാര്യ കാമില മുനോസും. വിസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ സ്ഥിരതാമസം നേടുന്നതിനായി പ്രവര്‍ത്തിക്കുകയായിരുന്നു പെറുവിയന്‍ പൗരയായ കാമില. എന്നാല്‍ അതിനിടെയാണ് ട്രംപിന്റെ അനധികൃത കുടിയേറ്റ നിയന്ത്രണത്തില്‍പ്പെട്ട് അവര്‍ പിടിയിലാകുന്നത്. ഭാര്യയെ പിരിഞ്ഞിരിക്കുന്ന വേദന പങ്കുവയ്ക്കുമ്പോഴും ബ്രാഡ്‌ലി തികഞ്ഞ ട്രംപ് അനുകൂലി കൂടിയാണ്.
‘അദ്ദേഹം സംവിധാനം സൃഷ്ടിച്ചതല്ല, പക്ഷേ അത് മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് അവസരമുണ്ട്. എന്നാണ് ട്രംപിന്റെ നയത്തോട് ബ്രാഡ്‌ലി പ്രതികരിച്ചത്.
കാമില മുനോസ് 2019 ല്‍ വിസ്‌കോണ്‍സിന്‍ ഡെല്‍സില്‍ ഒരു വര്‍ക്ക്-സ്റ്റഡി വിസയില്‍ എത്തിയതാണ്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജ്യം വിടാനാകാതെ അവര്‍ കൃഷിയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്തു. അതിനിടെ അവര്‍ ബ്രാഡ്‌ലിയെ കണ്ടുമുട്ടി. പതിയെ സൗഹൃദം പ്രണയമായി വളര്‍ന്നു. ഒടുവില്‍ ഇരുവരും വിവാഹിതരായി, പക്ഷേ കോവിഡ് കാരണം അവരുടെ ഹണിമൂണ്‍ വൈകി. ഫെബ്രുവരിയില്‍, വളരെക്കാലമായി കാത്തിരുന്ന ഒരു ഹണിമൂണിനായി അവര്‍ പ്യൂര്‍ട്ടോ റിക്കോയിലേക്ക് പോയി. തിരിച്ചെത്തിയപ്പോള്‍, ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കാമില മുനോസിന്റെ പൗരത്വ നിലയെക്കുറിച്ച് ചോദിച്ചു. ഗ്രീന്‍ കാര്‍ഡ് നേടാനുള്ള ശ്രമത്തിലാണെന്ന് അവര്‍ വിശദീകരിച്ചപ്പോള്‍, അവരെ കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ അവര്‍ ലൂസിയാനയിലെ ഒരു ഐസിഇ കേന്ദ്രത്തിലാണ്.
ഭാര്യയുടെ തടങ്കല്‍ അവസ്ഥയെക്കുറിച്ചും അവരെ സന്ദര്‍ശിക്കുന്നതിലെ ദുരിതത്തെക്കുറിച്ചും ബ്രാഡ്‌ലി ന്യൂസ് വീക്കിനോട് സംസാരിക്കുമ്പോള്‍ എല്ലാം ശരിക്കും ഒരു പേടിസ്വപ്നമായിരുന്നു എന്നാണ് പറഞ്ഞത്. ‘ഞങ്ങള്‍ക്ക് ഒരു അഭിഭാഷകനുണ്ട്. സിസ്റ്റം വലിയ കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്, അതിനാല്‍ എല്ലാം കൂടുതല്‍ സമയമെടുക്കുന്നു.’ എന്നും ബ്രാഡ്‌ലി പറയുന്നു. തന്റെ കഥ അറിയുന്നവര്‍ തങ്ങളെ തള്ളിപ്പറയുന്ന തരത്തിലാണ് പ്രതികരിക്കുന്നതെന്നും ഞങ്ങള്‍ ഇത് അര്‍ഹിക്കുന്നുവെന്ന് പറയുന്ന ധാരാളം ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ, വലിയ തോതില്‍ നാടുകടത്തുമെന്ന് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തിട്ടുണ്ട്. ട്രംപിന്റെ നാടുകടത്തല്‍ പദ്ധതികളുടെ ഭാഗമായി ഐസിഇ ഏജന്റുമാര്‍ അക്രമികളോ കുറ്റവാളികളോ അല്ലാത്ത സാധാരണക്കാരെയും നിയമപരമായ താമസക്കാരെയും കസ്റ്റഡിയിലെടുക്കുന്നുണ്ട്. കൂടാതെ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന എല്ലാവരെയും കുറ്റവാളിയായി കണക്കാക്കുന്നു. ഇതില്‍പ്പെട്ടുപോയ നിരവധി കാമിലമാരുടെ കണ്ണീര്‍ ഇപ്പോള്‍ അമേരിക്കന്‍ മണ്ണില്‍ വീണുകൊണ്ടേയിരിക്കുന്നു.