ഡാലസ്: കുടിയേറ്റ നിയന്ത്രണ നടപടികളില്‍ വലിയ പ്രതിഷേധം ഉയർത്തി നോര്‍ത്ത് ടെക്‌സാസിലെ സ്‌കൂളുകളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോയി. കുടിയേറ്റ റെയ്ഡുകളില്‍ പ്രതിഷേധിച്ചാണ് നോര്‍ത്ത് ടെക്‌സാസിലെ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച ക്ലാസുകൾ ബഹിഷ്കരിച്ച് തെരുവിൽ പ്രതിഷേധിച്ചത്.
40 ഓളം വിദ്യാര്‍ത്ഥികള്‍ ഇര്‍വിംഗ് ഹൈസ്‌കൂളില്‍ നിന്ന് സിറ്റി ഹാളിലേക്ക് മാര്‍ച്ച് നടത്തിയെന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. മെക്‌സിക്കോയുടെയും ഹോണ്ടുറാസിന്റെയും പതാകകള്‍ വീശിയാണ് കുടിയേറ്റ നിയന്ത്രണ നടപടികൾക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭയമാണെന്ന് വിദ്യാര്‍ത്ഥികള്‍ തുറന്നടിച്ചു.
രണ്ടാ വട്ടം അധികാരത്തിലേറിയ ഡോണാൾഡ് ട്രംപ് കൂട്ടനാടുകടത്തല്‍ വാഗ്ദാനം ചെയ്യുകയും നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ നടപടികൾ കടുപ്പിക്കുകയും ചെയ്തിരുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, പള്ളികള്‍ എന്നിവയുള്‍പ്പെടെയുള്ള സെന്‍സിറ്റീവ് സ്ഥലങ്ങള്‍ക്ക് സമീപമുള്ള ഫെഡറല്‍ ഇമിഗ്രേഷന്‍ അറസ്റ്റുകള്‍ പരിമിതപ്പെടുത്തുന്ന ബൈഡന്‍ കാലഘട്ടത്തിലെ മാര്‍ഗനിര്‍ദ്ദേശം പിൻവലിച്ച് കൊണ്ടാണ് ട്രംപ് നടപടികൾ കടുപ്പിച്ചത്.