
സിയോള്‍: സൈനിക നിയമഭേദഗതി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കലാപ ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോളിനെ ബുധനാഴ്ച ദക്ഷിണ കൊറിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം രാജ്യത്തു പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ യൂന്‍ സുക് യോലിനെ അറസ്റ്റ് ചെയ്തത്. ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണു യൂനിനെ അറസ്റ്റ് ചെയ്തത്.
വസതിക്കു മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു. സുരക്ഷാ സേനയുടെ സംരക്ഷണത്തില്‍ ആഴ്ചകളായി അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലായിരുന്നു യൂന്‍.
കഴിഞ്ഞ മാസം ഇംപീച്ച് ചെയ്യപ്പെട്ട് കലാപക്കുറ്റം ചുമത്തപ്പെട്ട യൂന്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രസിഡന്റാണ്.