‘പ്രത്യേക സുഹൃത്ത്’! പ്രോട്ടോക്കോൾ പോലും നോക്കാതെ നേരിട്ടെത്തി വരവേറ്റ് പ്രധാനമന്ത്രി മോദി! ഇന്ത്യയിൽ ഖത്തർ അമീറിന് വമ്പൻ സ്വീകരണം

ഡൽഹി: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഖത്തര്‍ അമിറിനെ സ്വീകരിക്കാനായി പ്രോട്ടോക്കോള്‍ പോലും നോക്കാതെ വിമാനത്താവളത്തിൽ പ്രധാനമന്ത്രി നേരിട്ടെത്തുകയായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രി ഇത്തരത്തില്‍ വിമാനത്താവളത്തില്‍ പോകാറില്ല. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്ത് സ്നേഹം പങ്കിട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സന്നിഹിതനായിരുന്നു.

മോദി ഖത്തര്‍ അമിറിനെ സ്വീകരിച്ചത് പ്രത്യേക സുഹൃത്തിനായുള്ള പ്രത്യേക സ്വീകരണമാണ് എന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ ട്വീറ്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. അമിറിന്റെ സന്ദര്‍ശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.ഇന്ത്യ സന്ദർശിക്കുന്ന ഹമദ് അൽതാനി ചൊവ്വാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കാണുകയും പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദർശനം. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. 2015 മാർച്ചിൽ അദ്ദേഹം നേരത്തെ ഇന്ത്യ സന്ദർശിച്ചിരുന്നു.

“നമ്മുടെ വളർന്നുവരുന്ന ബഹുമുഖ പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടും”. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുൾപ്പെടെ ഒരു ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.ചൊവ്വാഴ്ച രാവിലെ, രാഷ്ട്രപതി ഭവനിൽ ഖത്തർ അമീറിന് ആചാരപരമായ സ്വീകരണം നൽകും, തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ധാരണാപത്രങ്ങൾ കൈമാറും. തുടർന്ന് ഖത്തർ അമീർ പ്രസിഡന്റ് മുർമുവിനെ സന്ദർശിക്കും.

More Stories from this section

family-dental
witywide