വാഷിംഗ്ടണ്‍: ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരായ വധശ്രമ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസില്‍ തടവിലുള്ള ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്ത, ഏഴുമാസമായി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി.
അമേരിക്കന്‍ പൗരനും സിഖ് വിഘടനവാദിയുമായ പന്നൂനെതിരായ വധശ്രമ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ച നിഖില്‍ ഗുപ്ത ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലാകുകയും കഴിഞ്ഞ ജൂണില്‍ അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. യുഎസിലേക്ക് എത്തപ്പെട്ടതിന് ശേഷം കഴിഞ്ഞ ഏഴ് മാസമായി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബം നിരവധി അഭ്യര്‍ത്ഥനകള്‍ നല്‍കിയിരുന്നുവെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിലവില്‍ തടവില്‍ കഴിയുന്ന ഗുപ്തയുമായി സംവദിക്കാന്‍ അനുവാദമുള്ള ഒരു ഇടനിലക്കാരന്‍ വഴിയാണ് അദ്ദേഹത്തിന്റെ മറുപടികള്‍ ലഭിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ചെക്ക് റിപ്പബ്ലിക്കില്‍ ഒരു വര്‍ഷത്തോളം നീണ്ട തടങ്കലില്‍ കഴിഞ്ഞ തനിക്ക് മൂന്ന് തവണ ഇന്ത്യന്‍ കോണ്‍സുലാര്‍ ആക്സസ് ലഭിച്ചതായും, എന്നാല്‍ അമേരിക്കയില്‍ എത്തിയതോടെ അതിനാകുന്നില്ലെന്നും ഗുപ്ത പറഞ്ഞു.
2023 അവസാനത്തില്‍, ഗുപ്തയുടെ കുടുംബം അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതൊരു ‘സെന്‍സിറ്റീവ്’ വിഷയമാണെന്ന് പറഞ്ഞ സുപ്രീം കോടതി ഹര്‍ജി തള്ളുകയും ‘സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്’ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തനിക്കെതിരെ യുഎസ് ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് 53-കാരനായ ഗുപ്ത നിഷേധിച്ചു.