
കൊച്ചി: നടന്‍ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുന്‍ ചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിവാദങ്ങളില്‍പ്പെട്ട എമ്പുരാന്‍ സിനിമയുടെ സംവിധായകനാണ് പൃഥ്വിരാജ്. ഇതേ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഗോകുലത്തിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.
അതേസമയം, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫിസുകളില്‍ 2022 ഡിസംബറില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. അക്കാലത്തെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് പൃഥ്വിരാജിന് നിര്‍ദേശം ലഭിച്ചത്. മാർച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസിൽ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രിൽ 29-നകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
.കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ.