
ദുബൈ: ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 44 റൺസിന് കീഴടക്കി അപരാജിതരായി ഇന്ത്യ സെമിയിലേക്ക് കുതിച്ചു. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യത്തിന് മുന്നിഷ കിവീസ് 45.3 ഓവറിൽ 205 ൽ ഓൾഔട്ടായി. ഹർഷിത് റാണക്ക് പകരം പ്ലെയിങ് ഇലവനിൽ സ്ഥാനംപിടിച്ച സ്പിന്നർ വരുൺ ചക്രവർത്തിയാണ് കിവികളെ കറക്കിവീഴ്ത്തിയത്. ന്യൂസിലൻഡിന്‍റെ അഞ്ച് വിക്കറ്റുകളാണ് വരുൺ സ്വന്തമാക്കിയത്. 81 റൺസെടുത്ത കെയിൻ വില്യംസണ് മാത്രമാണ് ഇന്ത്യൻ സ്പിൻ ബൗളിങിന് മുന്നിൽ പിടിച്ചുനിൽക്കാനായത്. ജയത്തോടെ ഗ്രൂപ്പ് എ ചാമ്പ്യൻമാരായ ഇന്ത്യക്ക് സെമിയിൽ ഓസ്‌ട്രേലിയയാണ് എതിരാളികൾ.
നേരത്തെ അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറിന്റെ അർധ സെഞ്ച്വറി(79) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. അപ്രതീക്ഷിതമായി മുന്‍നിര തകര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ – അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.98 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റണ്‍സെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 61 പന്തുകള്‍ നേരിട്ട അക്ഷര്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്.
ദുബൈ സ്റ്റേഡിയത്തിൽ നാല് സ്പിന്നർമാരെ കളിപ്പിക്കാനുള്ള രോഹിത് ശർമയുടെയും ടീം മാനേജ്‌മെന്റിന്റേയും തീരുമാനം ശരിവെക്കുന്നതായിരുന്നു കളിക്കളത്തിലെ പ്രകടനം. മധ്യഓവറുകളിൽ കിവീസ് റണ്ണൊഴുക്ക് തടഞ്ഞുനിർത്താൻ ഇന്ത്യക്കായി. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസിന്റെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ രചിൻ രവീന്ദ്രയെ(6) നഷ്ടമായി. ഹാർദിക് പാണ്ഡ്യയുടെ ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച കിവീസ് താരത്തെ അക്‌സർ പട്ടേൽ മികച്ചൊരു ക്യാച്ചിലൂടെ കൈപിടിയിലൊതുക്കുകയായിരുന്നു. പിന്നാലെ വിൽ യങിനെ(22) ബൗൾഡാക്കി വരുൺ ചക്രവർത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ഡാരിൽ മിച്ചൽ-കെയിൻ വില്യംസൺ കൂട്ടുകെട്ട് കിവീസ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ ഇരുവരും റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ റൺറേറ്റ് താഴേക്ക് പോയത് മധ്യഓവറുകളിൽ കിവീസിന് തിരിച്ചടിയായി. സ്‌കോർ 93ൽ നിൽക്കെ ഡാരിൽ മിച്ചലിനെ(17) കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽകുരുക്കി. പിന്നാടെത്തിയ ടോം ലഥാമിനും(14) ഗ്ലെൻ ഫിലിപ്‌സിനും(12) ബ്രാസ്‌വെല്ലിനും(2) സ്പിന്നിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മിച്ചെൽ സാറ്റ്‌നെർ തകർത്തടിച്ചെങ്കിലും(28) ലക്ഷ്യം ഏറെ അകലെയായിരുന്നു. പേസ് ബൗളർ മുഹമ്മദ് ഷമി നാല് ഓവർ മാത്രമാണ് പന്തെറിഞ്ഞത്.