ന്യൂഡല്‍ഹി: ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി സ്ഥിരീകരണം. സംഭവത്തിന്റെ നടുക്കം വിട്ടുമാറാത്ത ദുഖത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യയും.
‘ടിബറ്റ് സ്വയംഭരണ പ്രദേശത്തുണ്ടായ വിനാശകരമായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ദാരുണമായ ജീവന്‍- സ്വത്ത് നാശനഷ്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാരും ജനങ്ങളും അനുശോചനം രേഖപ്പെടുത്തുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ‘എക്സില്‍’ പറഞ്ഞു.”ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്,”- അദ്ദേഹം പറഞ്ഞു.
ടിബറ്റിലെ ധര്‍മ്മശാല ആസ്ഥാനമായുള്ള പ്രവാസി ഗവണ്‍മെന്റിന്റെ സിക്യോങ് (രാഷ്ട്രീയ മേധാവി )പെന്‍പ സെറിംഗും ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ” ലോകമെമ്പാടുമുള്ള ടിബറ്റന്‍ ജനതയ്ക്കൊപ്പം സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍ (സിടിഎ) ഈ ദുരന്തത്തില്‍പ്പെട്ട എല്ലാവരോടും ഹൃദയംഗമമായ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു,
‘ഞങ്ങള്‍ ടിബറ്റിനുള്ളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുന്നു” അദ്ദേഹം പറഞ്ഞു.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലാണ് താമസിക്കുന്നത്. 1959-ല്‍ പരാജയപ്പെട്ട ചൈനീസ് വിരുദ്ധ കലാപത്തിന് ശേഷം, 14-ആം ദലൈലാമ ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തി അദ്ദേഹം പ്രവാസ സര്‍ക്കാര്‍ സ്ഥാപിച്ചു. ദലൈലാമ ‘വിഘടനവാദ’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ടിബറ്റിനെ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും അദ്ദേഹത്തെ ഒരു ‘വിഭജന’ വ്യക്തിയായി കണക്കാക്കുന്നുവെന്നും ചൈന മുമ്പ് ആരോപിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് ടിബറ്റില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി. തുടര്‍ന്ന് അഞ്ച് തുടര്‍ ചലനങ്ങളും ഉണ്ടായി. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹി-എന്‍സിആറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
തുടക്കത്തില്‍, ആളപായങ്ങള്‍ കുറവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടത്തിയ പരിശോധനയില്‍ മരണസംഖ്യ 126 ആയി ഉയരുകയായിരുന്നു. 188-ലധികം ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.