ക്വലാലംപുർ: അണ്ടർ-19 വനിതാ ട്വന്റി-20 ലോകകപ്പിൽ വീണ്ടും ഇന്ത്യക്ക് കിരീടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെയാണ് കീഴടക്കിയത്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ്യം 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. കളിയുടെ സർവമേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യൻ വനിതകൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റേന്തിയത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഗൊംഗാദി തൃഷ വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. എന്നാല്‍ ടീം സ്‌കോര്‍ 36-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. ജി കമാലിനി 8 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയിറങ്ങിയ സനിക ചാല്‍ക്കെയും വെടിക്കെട്ട് പുറത്തെടുത്തതോടെ ഇന്ത്യ വിജയമുറപ്പിച്ചു.
തൃഷ 44 റണ്‍സും സനിക 26 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ 82 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 23 റണ്‍സെടുത്ത സിക് വാന്‍ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍ ജെമ്മ ബോത്ത 16 റണ്‍സും ഫേ കൗളിങ് 15 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ കരാബോ മീസോ 10 റണ്ണെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ,പരുണിക സിസോദിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. കന്നിക്കിരീടം ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്ക നിരാശയോടെ മടങ്ങി.
INDIA HAVE WON THE WOMEN’S U19 T20 WORLD CUP