
വാഷിംഗ്ടണ്‍ : അമേരിക്കയ്ക്കും ലോക രാജ്യങ്ങള്‍ക്കും ഏപ്രില്‍ 2 വാണിജ്യപരമായി സുപ്രധാന ദിനം തന്നെയാണ്. ഏപ്രില്‍ 2 മുതല്‍ അമേരിക്കയുടെ പരസ്പര തീരുവ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ‘അന്യായമായ’തും ഉയര്‍ന്ന നിരക്കുകള്‍ ചുമത്തി യുഎസ് കയറ്റുമതിക്കാര്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നതുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും വൈറ്റ് ഹൗസ് തിങ്കളാഴ്ച ഉള്‍പ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബുദ്ധിശാലിയായ മനുഷ്യനെന്നു വിളിച്ച് പുകഴ്ത്തിയതിനു പിന്നാലെയാണ് ട്രംപ് ഭരണകൂടം ഇന്ത്യയെ അധികനികുതിയുടെ പേരില്‍ വീണ്ടും കുറ്റപ്പെടുത്തുന്നത്.
‘അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നു, ഇത് യുഎസ് ഉല്‍പ്പന്നങ്ങള്‍ ചില വിദേശ വിപണികളില്‍ എത്തുന്നത് ഏതാണ്ട അസാധ്യമാക്കുന്നു’ എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നത്.
‘ഈ രാജ്യങ്ങള്‍ വളരെക്കാലമായി നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചുവരികയാണ്, അമേരിക്കന്‍ തൊഴിലാളികളോട് അവര്‍ വ്യക്തമായ അവഗണന കാണിച്ചു, ലിവീറ്റ് കൂട്ടിച്ചേര്‍ത്തു. പരസ്പര സഹകരണത്തിനുള്ള സമയമാണിത്, യുഎസ് പ്രസിഡന്റ് ‘ചരിത്രപരമായ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നു, അത് ബുധനാഴ്ച സംഭവിക്കും’ അവര്‍ വ്യക്തമാക്കി.
”അന്യായമായ വ്യാപാര രീതികള്‍ നോക്കൂ – യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അമേരിക്കന്‍ പാലുല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം, ജപ്പാനില്‍ നിന്നുള്ള അമേരിക്കന്‍ അരിക്ക് 700 ശതമാനം, കാനഡയില്‍ നിന്നുള്ള അമേരിക്കന്‍ വെണ്ണയ്ക്കും ചീസിനും ഏകദേശം 300 ശതമാനം തീരുവ. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു,” ലിവീറ്റ് എടുത്തു പറഞ്ഞു.