‘ട്രംപ് താരിഫിൽ ഇന്ത്യക്ക് ആശങ്കയുണ്ട്’, മാർക്കോ റൂബിയോയെ ഫോണിൽ വിളിച്ച് വിദേശകാര്യ മന്ത്രി; പ്രശ്ന പരിഹാരത്തിന് ശ്രമം

ഡൽഹി: പകരം തീരുവയിൽ അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. രണ്ടു പക്ഷത്തിനും സ്വീകാര്യമായ രീതിയിൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചുമത്തിയ താരിഫുകളോട് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചുവെന്നുള്ള റിപ്പോർട്ട് വന്നിരുന്നു.

ഇന്ത്യയും യുഎസുമായുള്ള വ്യാപാര കരാറില്‍ ചര്‍ച്ചകൾ നടക്കുകയാണ്. വ്യാപാര പങ്കാളികൾക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓർഡറിലെ സുപ്രധാന വകുപ്പ് പരിശോധിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഇന്ത്യക്ക് ചുമത്തിയ താരിഫ് എന്നതിനാല്‍ പ്രതികാര നടപടി വേണ്ടെന്നുള്ള നിലപാടിലാണ് ഇന്ത്യൻ സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകൾ.

ആഗോള വിപണികളെ പിടിച്ചുകുലുക്കിയ ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള തയാറെടുപ്പിലാണ്. ഈ സാഹാചര്യത്തിലാണ് ട്രംപിന് തിരിച്ചടി നൽകാൻ ശ്രമിക്കാതെ ഇന്ത്യ സമവായ സാധ്യത തേടുന്നത്. ഇന്ത്യക്ക് പുറമെ, തായ്‌വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾളും സമവായ സാധ്യത തേടുന്നുണ്ട്. താരിഫ് തർക്കം പരിഹരിക്കുന്നതിനായി വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യയും യുഎസും ഫെബ്രുവരിയിൽ സമ്മതിച്ചിരുന്നു.

More Stories from this section

family-dental
witywide