തോക്കിൻ മുനയിൽ നിർത്തിയുള്ള ചർച്ചകൾക്ക് ഇന്ത്യ ഒരുക്കമല്ല: യുഎസുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച് മന്ത്രി പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: യുഎസുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഇന്ത്യൻ ജനതയുടെ താല്‍പര്യത്തെ ഹനിക്കാത്ത വിധത്തിലായിരിക്കുമെന്നും പെട്ടെന്നുള്ള ഒരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍.

നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാരകരാര്‍ സംബന്ധിച്ച് യുഎസുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പൊതുജനതാല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കേന്ദ്രമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കി. യുഎസുമായി മികച്ച വ്യാപാരബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2030- ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലേക്കെത്തിക്കാനുള്ള ലക്ഷ്യമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

“തോക്കിൻ മുനയിൽ നിർത്തി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന വസ്തുത ഇതിനുമുന്‍പ് പലതവണ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ചര്‍ച്ചകള്‍ സമയബന്ധിതമാകുന്നത് നല്ലതാണ്, പക്ഷേ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തിരക്കിട്ടുള്ള തീരുമാനങ്ങള്‍ ഒരിക്കലും നല്ലതല്ല” ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇറ്റലി- ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കവേ ഗോയല്‍ പറഞ്ഞു.

More Stories from this section

family-dental
witywide