
ന്യൂയോർക്ക്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് ഒക്ടോബർ മാസം നടക്കും. 2025 ഒക്ടോബർ 9, 10, 11 തീയതികളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാധ്യമ കോൺഫറൻസ് ന്യൂ ജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിലാണ് നടക്കകു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസാണ് ഇക്കുറി നടക്കുക.
കോൺഫറൻസ് വേദിയായ ഷെറാട്ടൺ ഹോട്ടൽ ജനറൽ മാനേജരായ ജാസ്സി സിങ്ങും ഇന്ത്യ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ എന്നിവരുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. മാധ്യമപ്രവർത്തകരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും, കമ്മ്യൂണിറ്റി നേതാക്കന്മാരും, വ്യാപാരി വ്യവസായികളും സ്ഥലം സന്ദർശിക്കുകയും ആവശ്യമായ ഒരുക്കങ്ങളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. ഐ. പി. സി. എൻ. എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോൺഫെറെൻസിന്റെ ആതിഥേയത്വം വഹിക്കുന്നത്.
അമേരിക്കയിലെ മലയാള മാധ്യമപ്രവർത്തക കൂട്ടായ്മയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാവും 11-ാം മത് കോൺഫെറെൻസ് എന്നാണ് പ്രതീക്ഷ. 30 ശതമാനത്തിലേറെ ഇന്ത്യാക്കാരുള്ള അമേരിക്കയിലെ ഏക നഗരമാണ് എഡിസൺ. എഡിസൺ മേയർ സാം ജോഷി യുവാവായ ഇന്ത്യാക്കാരനാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കോൺഫറൻസ് നടത്താൻ ഏറ്റവും അനുയോജ്യമാണ് ഇവിടമെന്നാണ് പൊതുവേ ഉയർന്ന അഭിപ്രായം.