ഗൗതം അദാനിയുടെ ശുദ്ധ ഊർജ പദ്ധതിക്കായി ഇന്ത്യ അതിർത്തിരക്ഷാ നിയമങ്ങൾ ഇളവുചെയ്ത്: ദ് ഗാർഡിയൻ പത്രം

ലണ്ടൻ: ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ ഗൗതം അദാനി നിർമിക്കുന്ന ശുദ്ധ ഊർജ പദ്ധതിക്കായി ഇന്ത്യ അതിർത്തിരക്ഷാ നിയമങ്ങൾ ഇളവുചെയ്തതായി ബ്രിട്ടീഷ് പത്രമായ ‘ദ ഗാർഡിയൻ.’ ലോകത്തെ ഏറ്റവുംവലിയ ശുദ്ധ ഊർജ പദ്ധതിയായ ഖാവ്ഡ പ്ലാന്റിനായാണ് ഈ ഇളവുകൾ വരുത്തിയത് എന്നാണ് പത്രം പറയുന്നത്.

പാക് അതിർത്തിയിൽ മാത്രമല്ല, ബംഗ്ലാദേശ്, ചൈന, മ്യാൻമാർ, നേപ്പാൾ എന്നീ രാജ്യങ്ങളോടുചേർന്നുള്ള അതിർത്തികളിലെ സുരക്ഷാമാനദണ്ഡങ്ങളെയും ബാധിക്കുന്ന മാർഗനിർദേശങ്ങളാണ് ഇളവുചെയ്തത്. തീരുമാനത്തിനെതിരേ സൈന്യത്തിനുള്ളിൽനിന്നുയർന്ന ആശങ്കകളും വിദഗ്ധാഭിപ്രായങ്ങളും മോദിസർക്കാർ മുഖവിലയ്ക്കെടുത്തില്ല എന്ന് റിപ്പോർട്ട് ആരോപിക്കുന്നു.

റാൻ ഒഫ് കച്ചിൽ ഇന്ത്യ-പാക് അതിർത്തിയിൽനിന്ന് ഒരുകിലോമീറ്റർമാത്രം അകലെ ഗുജറാത്ത് സർക്കാർ പാട്ടത്തിനുനൽകിയ പ്രദേശത്താണ് അദാനി ഖാവ്ഡ പ്ലാന്റ് നിർമിക്കുന്നത്.

റാൻ ഓഫ് കച്ചിൽ സോളാർപാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കുന്നത് യുദ്ധസമയങ്ങളിൽ ടാങ്കുകളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്ക യോഗത്തിലുയർന്നു. എന്നാൽ, പാനലുകൾ ശത്രുടാങ്കുകളുടെ നീക്കം തടയുമെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്. സോളാർ പാനലുകളുടെ വലുപ്പം ക്രമീകരിക്കണമെന്ന സൈനികവിദഗ്ധരുടെ ആവശ്യത്തെയും സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണംപറഞ്ഞ് ഗ്രൂപ്പ് തള്ളി. പാകിസ്താനിൽനിന്ന് ഒരുകിലോമീറ്റർ അകലെ സോളാർപാനലുകൾ നിർമിക്കാൻ സമവായമുണ്ടാക്കിയാണ് യോഗം അവസാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ദേശസുരക്ഷാ മാനദണ്ഡങ്ങൾപ്രകാരം അതിർത്തിയിൽനിന്ന് 10 കിലോമീറ്റർ ദൂരത്തിനുള്ളിൽ വലിയ നിർമാണപ്രവർത്തനങ്ങൾ അനുവദിച്ചിരുന്നില്ല. നിലവിലുള്ള ഗ്രാമങ്ങളും റോഡുകളുമേ പാടുണ്ടായിരുന്നുള്ളൂ. എന്നാൽ അദാനിക്കുവേണ്ടി ഇതിൽ ഇളവുവരുത്താൻ ബി.ജെ.പി. നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ ഉന്നതങ്ങളിൽ സ്വാധീനംചെലുത്തി.

ഖാവ്ഡ പ്ലാന്റിന്റെ കാര്യം പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം എന്നാവശ്യപ്പെട്ട് 2023 ഏപ്രിലിൽ ഗുജറാത്ത് സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തുനൽകി. ഗുജറാത്ത് സർക്കാരിന്റെ സോളാർ പദ്ധതികൾ ചർച്ചചെയ്യാൻ ഏപ്രിൽ 21-ന് ഡൽഹിയിൽ രഹസ്യയോഗം നടന്നു. മിലിട്ടറി ഒപ്പറേഷൻസ് ഡയറക്ടർജനറലും ഗുജറാത്തിൽനിന്നുള്ള ഉദ്യോഗസ്ഥരും പുനരുപയോഗ ഊർജമന്ത്രാലയത്തിന്റെ പ്രതിനിധികളുമാണ് അതിൽ പങ്കെടുത്തത്.

ഇന്ത്യൻ അതിർത്തികളിലെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ഇളവുവരുത്തുന്ന വിവരം 2023 മേയ് എട്ടോടെ മോദിസർക്കാർ എല്ലാമന്ത്രാലയങ്ങളെയും ഔദ്യോഗികമായി അറിയിച്ചു. ഏപ്രിലിൽ യോഗംനടക്കുമ്പോൾ പാകിസ്താനോടടുത്ത 230 ചതുരശ്രകിലോമീറ്റർ ഭൂമി സർക്കാർസ്ഥാപനമായ സോളാർ എനർജി കോർപ്പറേഷനാണ് (എസ്.ഇ.സി.ഐ.) അനുവദിച്ചിരുന്നത്.

യോഗശേഷം ഗുജറാത്ത് സർക്കാർ ഭൂമി തിരികെവാങ്ങി. ലേലത്തിൽ പങ്കെടുത്ത സർക്കാർസ്ഥാപനങ്ങളെ മറികടന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഓഗസ്റ്റിൽ ഭൂമി അദാനി ഗ്രൂപ്പിന് നൽകി. സുരക്ഷാമാർഗരേഖയിലുണ്ടായ മാറ്റം എസ്.ഇ.സി.ഐ. അറിഞ്ഞിരുന്നില്ല.

പ്രിയപ്പെട്ട സുഹൃത്തിന്റെ ബിസിനസ് താത്പര്യം ദേശസുരക്ഷയെക്കാൾ പ്രധാനമാണോയെന്ന് ഖാവ്ഡ പദ്ധതിസംബന്ധിച്ച ‘ദ ഗാർഡിയൻ’ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മോദിസർക്കാരിനോട് കോൺഗ്രസ് ചോദിച്ചു. ബി.ജെ.പി.യുടെ കപടദേശീയത ഒരിക്കൽക്കൂടി മറനീക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.

നിലവിൽ 445 ചതുരശ്രകിലോമീറ്റർ ഭൂമി ഖവ്ദയുടെ കൈയിലാണ്. ഇവിടെ 30 ഗിഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സോളാർ പദ്ധതിക്കുവേണ്ടി ഇന്ത്യൻ അധികാരികൾക്ക് കോടികളുടെ കൈക്കൂലിനൽകിയെന്നാരോപിച്ച് കഴിഞ്ഞവർഷം നവംബറിൽ യു.എസ്. സർക്കാർ അദാനിക്കുമേൽ വഞ്ചനാകുറ്റം ചുമത്തിയിരുന്നു.

More Stories from this section

family-dental
witywide