
ന്യൂഡല്‍ഹി : ട്രംപിന്റെ പരസ്പര നികുതി ഒഴിവാക്കാന്‍ ഇന്ത്യ യുഎസ് ഇറക്കുമതിയുടെ തീരുവ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ട്രംപ് ‘വിമോചന ദിനം’ എന്ന് വിളിച്ച ഏപ്രില്‍ 2 ന് വൈറ്റ് ഹൗസ് കര്‍ശനമായ പരസ്പര താരിഫ് ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം തീരുവകള്‍ യുഎസിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 87% ത്തെയും ബാധിക്കുമെന്ന് ഇന്ത്യ വിലയിരുത്തുന്നതായും ഇത് ഏകദേശം 66 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘വ്യാപാര ദുരുപയോഗം ചെയ്യുന്ന’ രാജ്യം എന്ന് ഇന്ത്യയെ മുദ്ര കുത്തുകയും പരസ്പര തീരുവകളില്‍ നിന്ന് ഒരു ആശ്വാസവും ഉണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയാല്‍ അത് രാജ്യത്തെ കയറ്റുമതിയേയും ഉത്പാദകരേയും ദോഷകരമായി ബാധിക്കും. അതിന്റെ ആഘാതം പരമാവധി കുറയ്ക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചിലതിന് നികുതി കുത്തനെ കുറയ്ക്കുന്നതിന് പുറമെ ചിലതിന് മേലുള്ള നികുതി പൂര്‍ണമായും ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്.