
കട്ടക്ക്: ടി 20 പരമ്പര നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ അങ്ങെടുത്തു. നായകൻ രോഹിത് ശർമ്മയുടെ ഉജ്വല സെഞ്ചുറിയുടെ മികവിൽ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 305 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 90 പന്തിൽ 119 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യയുടെ വിജയം ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്. 7 സിക്സുകളുടെയും 12 ഫോറിന്‍റെയും അകമ്പടി ചാർത്തിയ ഇന്നിംഗ്സിലൂടെ കരിയറിലെ 32-ാം സെഞ്ചുറി കൂടിയാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്.
ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ (60), ശ്രേയസ് അയ്യര്‍ (44), അക്‌സര്‍ പട്ടേല്‍ (41) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 44.3 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.