
ദുബായി മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിശ്വ വിജയം. ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് കീഴടക്കി ടീം ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു. രോഹിത് ശർമയുടെ നായകത്വത്തിലുള്ള ഇന്ത്യൻ സംഘം 252 റൺസിന്റെ വിജയലക്ഷ്യം 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി നേട്ടമാണിത്. 2002ലും 2013ലുമാണ് മുമ്പ് ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായാണ് ഒരു ടീം മൂന്ന് ഐസിസി ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ നേടുന്നത്.
നായകന്‍റെ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായത്. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19 -ാം ഓവറിലാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഗില്ലിനെ പവലിയനിലെത്തിച്ചത്. സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ മത്സരം മുറുകി. പിന്നാലെ രോഹിത് ശര്‍മയും മടങ്ങിതോടെ ഇന്ത്യൻ ആരാധകർക്ക് ടെൻഷനായി. എന്നാൽ ശ്രേയസ് അയ്യര്‍ (48), അക്‌സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരും കെ എൽ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തതോടെ കപ്പ് ഇന്ത്യയുടെ വഴിക്കായി. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) യാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കിവികൾ 251 റൺസ് നേടിയത്. തുടക്കത്തിൽ തകർത്തടിച്ച കിവികളെ ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഡാരിൽ മിച്ചെലും (63), മൈക്കൽ ബ്രേസ്‌വെല്ലും (53*) ചേർന്നു നടത്തിയ പ്രത്യാക്രമണമാണ് ന്യൂസിലാൻഡിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.