
ദുബായിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ മലർത്തിയടിച്ച് കിരീടം നേടാൻ ഇന്ത്യക്ക് വേണ്ടത് 252 റൺസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 251/ 7 എന്ന സ്കോറാണ് നേടിയത്. തുടക്കത്തിൽ തകർത്തടിച്ച കിവികളെ ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഒടുവിൽ ഡാരിൽ മിച്ചെലും (63), മൈക്കൽ ബ്രേസ്‌വെല്ലും (53*) ചേർന്നു നടത്തിയ പ്രത്യാക്രമണമാണ് ന്യൂസിലാൻഡിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ഫൈനലിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചെൽ സാൻ്റ്‌നർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ 29 പന്തിൽ 37 റൺസെടുത്ത രചിൻ രവീന്ദ്രയും വിൽ യങ്ങും (15) ചേർന്ന് മികച്ച സ്ട്രോക്ക് പ്ലേയിലൂടെ സ്കോർ ബോർഡ് ചലിപ്പിച്ചു. എട്ടാമത്തെ ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് നേടിയ ശേഷമാണ് 24ാം ഓവറിൽ 108/4 എന്ന നിലയിലേക്ക് കീവീസ് പട വീണത്. ആദ്യം വീണത് യങ് ആയിരുന്നു. വരുൺ ചക്രവർത്തിയെ പന്തേൽപ്പിച്ച രോഹിത് ശർമയ്ക്ക് പിഴച്ചില്ല. യങ്ങിനെ വിക്കറ്റിന് മുന്നിൽ കുടുക്കി വരുൺ ന്യൂസിലൻഡിന് ആദ്യ പ്രഹരം ഏൽപ്പിച്ചു. മത്സരത്തിലെ തൻ്റെ ആദ്യ പന്തിൽ തന്നെ മികച്ച ഫോമിലുള്ള രചിനെ പുറത്താക്കി കുൽദീപ് തൻ്റെ വരവറിയിച്ചു. ഒരു സിക്സും നാല് ഫോറും ഉൾപ്പെടെ 37 റൺസെടുത്ത രചിനെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കി. പിന്നാലെ കഴിഞ്ഞ മത്സരത്തിൽ രചിനൊപ്പം സെഞ്ചുറി നേടിയ കെയ്ൻ വില്യംസണിൻ്റെ വിക്കറ്റ് വീഴ്ത്തി കുൽദീപ് ന്യൂസിലൻഡിന് അടുത്ത ഷോക്ക് സമ്മാനിച്ചു. ഇതോടെ പതിമൂന്നാം ഓവറിൽ 75/3 എന്ന നിലയിലേക്ക് കീവീസ് ടീം പതിച്ചു. പിന്നാലെയെത്തിയ മുൻ നായകൻ ടോം ലഥാമിനെ (14) വിക്കറ്റിന് മുന്നിൽ കുടുക്കി രവീന്ദ്ര ജഡേജ ന്യൂസിലൻഡിനെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. അർധസെഞ്ചുറി നേടിയ ഡാരിൽ മിച്ചലിനെ (63) മുഹമ്മദ് ഷമിയുടെ പന്തിൽ രോഹിത് ക്യാച്ചെടുത്ത് പുറത്താക്കി. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിനെ വരുൺ ചക്രവർത്തി ക്ലീൻബൗൾഡാക്കി.