
ചാംപ്യന്‍സ് ട്രോഫിയിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ടീം ഇന്ത്യക്ക് ആവേശ വിജയം. തകർപ്പൻ സെഞ്ചുറിയുമായി കിംഗ് കോലിയാണ് പാക്കിസ്ഥാനെ നിലംപരിശാക്കാൻ മുന്നിൽ നിന്നത്. സെമി കാണാതെ ആതിഥേയരായ പാകിസ്ഥാന്‍ പുറത്താകലിൻ്റെ വക്കിലെത്തിച്ചിരിക്കുയാണ് ഇന്ത്യ. പതറി തുടങ്ങിയ പാകിസ്ഥാനെ മുച്ചൂടും മുടിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടെത്. വിരാട് കോഹ്ലിയുടെ മിന്നുന്ന പ്രകടനത്തില്‍ പാകിസ്ഥാനെ തർത്തു. 242 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ വിജയം ഗംഭീരമാക്കിയത് കോഹ്‌ലിയുടെ പ്രകടനമായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ നിര്‍ണായക വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. 15 പന്തില്‍ 20 റണ്‍സ് എടുത്ത രോഹിത്തിനെ ഷഹീന്‍ അഫ്രീദിയാണ് മടക്കിയത്. പതിനേഴാം ഓവറില്‍ അബ്രാര്‍ അഹമ്മദിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്ലും പുറത്തായി. 52 ബോളില്‍ 46 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയസ് അയ്യരും കോഹ്‌ലിയും ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 56 പന്തില്‍ 67 റണ്‍സ് നേടി ശ്രേയസ് പുറത്തായതോടെ കൂട്ടുകെട്ട് അവസാനിച്ചു. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയും വന്ന വേഗത്തില്‍ തന്നെ മടങ്ങി.
ഇന്ത്യയുടെ വിജയം ഉറപ്പായിരുന്നെങ്കിലും കോഹ്ലിയുടെ സെഞ്ച്വറി നേട്ടത്തിനായിരുന്നു ആരാധകര്‍ മുഴുവന്‍ കാത്തിരുന്നത്. ഒടുവില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രം അവശേഷിക്കെ കൂറ്റനൊരു ബൗണ്ടറി പറത്തി സെഞ്ച്വറിയും വിജയവും കോഹ്ലി ഇന്ത്യക്ക് സമ്മാനിച്ചു. ഏകദിനത്തിൽ കോഹ്‌ലിയുടെ 51-ാമത്തെ സെഞ്ച്വറിയാണ് ഇന്ന് ദുബായിൽ പിറന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നിലും അടിയറവ് പറഞ്ഞതോടെ ചാംപ്യന്‍സ് ട്രോഫി സ്വപ്‌നങ്ങള്‍ വെറുതേയാകും.