ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയക്കാരി ക്ഷമ സാവന്തിന് അടിയന്തര വിസ നിഷേധിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്, മോദിയുടെ റിജക്ട് ലിസ്റ്റിലുണ്ടെന്ന് വിശദീകരണം, പ്രതിഷേധം

സിയാറ്റില്‍, യുഎസ്: ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്തിന് അടിയന്തര വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ക്രമസമാധാന പ്രശ്നം നേരിട്ടതായി റിപ്പോര്‍ട്ട്. ‘ചില വ്യക്തികള്‍’ ഓഫീസ് സമയം കഴിഞ്ഞ് അനുമതിയില്ലാതെ കോണ്‍സുലേറ്റ് പരിസരത്ത് പ്രവേശിക്കാന്‍ ശ്രമിക്കുകയും പോകാന്‍ വിസമ്മതിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ നിര്‍ബന്ധിതരായതായി സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. എന്നാല്‍ ക്ഷമയുടെ പേര് പരാമര്‍ശിക്കാതെയാണ് കോണ്‍സുലേറ്റില്‍ സംഘര്‍ഷമുണ്ടായതായി വിശദീകരണം നല്‍കിയിരിക്കുന്നത്.

ക്ഷമയ്ക്ക് വിസ നിഷേധിച്ച വിഷയത്തില്‍ കോണ്‍സുലേറ്റ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍ സിയാറ്റിലിലെ മുന്‍ സിറ്റി കൗണ്‍സില്‍ അംഗമായ ക്ഷണ സാവന്ത് തന്റെ പേര് ‘മോദിസര്‍ക്കാരിന്റെ റിജക്ട് ലിസ്റ്റില്‍’ ഉള്ളതിനാല്‍ വിസ നിഷേധിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആരോപിച്ചു. ബംഗളൂരുവിലെ രോഗിയായ അമ്മയെ സന്ദര്‍ശിക്കാനായിരുന്നു ക്ഷമ വിസയ്ക്ക് അപേക്ഷിച്ചത്. തന്റെ വിസ നിരസിക്കുന്നത് ഇതാദ്യമല്ലെന്നും തന്റെ ഇന്ത്യന്‍ വിസ മൂന്ന് തവണ നിരസിക്കപ്പെട്ടുവെന്നും അതേസമയം ഭര്‍ത്താവ് കാല്‍വിന്‍ പ്രീസ്റ്റിന് രോഗിയായ അമ്മയെ കാണാന്‍ അടിയന്തര വിസ അനുവദിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു.

വ്യാഴാഴ്ചയാണ് താന്‍ കോണ്‍സുലേറ്റ് ഓഫീസിലെത്തി പ്രതിഷേധിച്ചതെന്നും തന്റെ വര്‍ക്കേഴ്സ് സ്‌ട്രൈക്ക് ബാക്ക് സംഘടന അംഗങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സമാധാനപരമായ പ്രതിഷേധമാണ് നടത്തിയതെന്നും അവര്‍ വിശദീകരിച്ചു.

‘ഇന്ന്, ചില വ്യക്തികള്‍ ഓഫീസ് സമയം കഴിഞ്ഞ് കോണ്‍സുലേറ്റ് പരിസരത്ത് അനധികൃതമായി പ്രവേശിച്ചതില്‍ നിന്ന് ഉടലെടുത്ത ഒരു ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കോണ്‍സുലേറ്റ് നിര്‍ബന്ധിതരായി. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും, ഈ വ്യക്തികള്‍ കോണ്‍സുലേറ്റ് പരിസരം വിടാന്‍ വിസമ്മതിക്കുകയും കോണ്‍സുലേറ്റ് ജീവനക്കാരോട് ആക്രമണാത്മകവും ഭീഷണിപ്പെടുത്തുന്നതുമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു,’ സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ക്ഷമയുടെ പ്രതിഷേധത്തെക്കുറിച്ച് വ്യക്തമാക്കിയതിങ്ങനെ.

സിയാറ്റായിലെ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു ക്ഷമ സാവന്ത്. പൗരത്വനിയമഭേദഗതി വിഷയത്തിലടക്കം മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച അമേരിക്കയിലെ രാഷ്ട്രീയ നേതാവുകൂടിയാണ് അവര്‍.

More Stories from this section

family-dental
witywide