വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാ പോസ്റ്റുകളിലേക്ക് വാടക ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യന്‍ യുവാവിന് എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 2023 ലാണ് കേസിന് ആസ്പദമായ സംഭവം. 19 വയസ്സുകാരനായ സായ് വര്‍ഷിത് കണ്ഡുലയാണ് ശിക്ഷിക്കപ്പെട്ടത്. യുവാവിന് സര്‍ക്കാരിനെ അട്ടിമറിച്ച് ‘നാസി ശൈലിയിലുള്ള സ്വേച്ഛാധിപത്യം’ സ്ഥാപിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ പ്രസിഡന്റിനെയും മറ്റുള്ളവരെയും കൊല്ലാനും താന്‍ തയ്യാറായിരുന്നുവെന്നും സായ് വര്‍ഷിത് അന്വേഷകരോട് പറഞ്ഞതായി നീതിന്യായ വകുപ്പ് അറിയിച്ചു. യുവാവ് കുറ്റം സമ്മതിച്ചിട്ടുമുണ്ട്.
മിസോറിയിലെ സെന്റ് ലൂയിസില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് എത്തിയ സായ് ഒരു ട്രക്ക് വാടകയ്ക്കെടുത്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് അദ്ദേഹം നടപ്പാതയിലേക്ക് വാഹനം ഓടിക്കുകയും വൈറ്റ് ഹൗസിന് സമീപത്തെ ബാരിക്കേഡുകളില്‍ വാഹനം ഇടിച്ചുകയറ്റുകയും ചെയ്തു. വാഹനത്തില്‍ കരുതിയിരുന്ന നാസി പതാകയും ബാനറും പുറത്തെടുത്തതായും ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ വളഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തില്‍ നിന്ന് ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കാനും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കടക്കാനുമായിരുന്നു ശ്രമം. ആക്രമണത്തിനായി ആഴ്ചകളോളം നീണ്ട ആസൂത്രണമാണ് പ്രതി നടത്തിയത്.