
ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്കും കുടുംബത്തിനും ദാരുണാന്ത്യം. ശനിയാഴ്ച ന്യൂയോർക്കിൽ സ്വകാര്യ വിമാനം തകർന്നുവീണാണ് അപകടം ഉണ്ടായത്. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ കായികതാരവും ഉൾപ്പെടുന്നു. കാറ്റ്സ്കിൽസിലേക്ക് വിനോദയാത്ര പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഇരട്ട എൻജിൻ മിത്സുബിഷി MU- 2B വിമാനമാണ് കോപാക്കിലെ മഡ്ഡി ഫീൽഡിൽ തകർന്നുവീണതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ വംശജയായ യൂറോഗെനക്കോളജിസ്റ്റ് ഡോ. ജോയ് സെനി, ഭർത്താവും ന്യൂറോസയന്റിസ്റ്റുമായ ഡോ. മൈക്കിൾ ഗ്രോഫ്, മകൾ കരേന ഗ്രോഫ്, സുഹൃത്ത് ജെയിംസ് സാന്റോറോ, മകൻ ജേർഡ് ഗ്രോഫ്, പങ്കാളി അലക്സിയ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരുടെയും ജീവൻ നഷ്ടമായി.
എംഐടി മുൻ സോക്കർ പ്ലേയറും 2022 NACC വുമൺ ഓഫ് ദ ഇയർ പുരസ്കാരവും നേടിയ അത്ലറ്റാണ് കരേൻ. വെസ്റ്റ്ചെസ്റ്റർ കൗണ്ടി എയർപോർട്ടിൽ നിന്നും കൊളംബിയ കൗണ്ടി എയർപോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.