എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറായി ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍; ”അമേരിക്കന്‍ ജനതയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒന്നായി എഫ്ബിഐയെ മാറ്റും”

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേലിനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഡയറക്ടറായി വ്യാഴാഴ്ച സെനറ്റ് സ്ഥിരീകരിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

നന്ദി പ്രകടിപ്പിച്ച പട്ടേല്‍ ഏജന്‍സിയെ ‘സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ’ ഒന്നായി പുനര്‍നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. എഫ്ബിഐയില്‍ പൊതുജന വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ടാണ് കാഷ് പട്ടേല്‍ അധികാരത്തിലേക്കെത്തുന്നത്. മാത്രമല്ല, അമേരിക്കന്‍ ജനതയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു സംഘടനയായി എഫ്ബിഐയെ പുനര്‍നിര്‍മ്മിക്കുമെന്നും പട്ടേല്‍ പ്രതിജ്ഞയെടുത്തു.

‘ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഒമ്പതാമത്തെ ഡയറക്ടറായി നിയമിതനായതില്‍ എനിക്ക് ബഹുമതി തോന്നുന്നു. നിങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും പ്രസിഡന്റ് ട്രംപിനും അറ്റോര്‍ണി ജനറല്‍ ബോണ്ടിക്കും നന്ദി. എഫ്ബിഐക്ക് ‘ജി-മെന്‍’ മുതല്‍ 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതുവരെയുള്ള ഒരു ചരിത്ര പാരമ്പര്യമുണ്ട്. സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ ഒരു എഫ്ബിഐക്ക് അമേരിക്കന്‍ ജനത അര്‍ഹരാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവല്‍ക്കരണം പൊതുജനവിശ്വാസത്തെ ഇല്ലാതാക്കി, പക്ഷേ അത് ഇന്ന് അവസാനിക്കുന്നു’. അദ്ദേഹം എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.

”അമേരിക്കക്കാരെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവര്‍ ഇതൊരു മുന്നറിയിപ്പായി പരിഗണിക്കുക. ഈ ഗ്രഹത്തിന്റെ എല്ലാ കോണുകളിലും ഞങ്ങള്‍ നിങ്ങളെ വേട്ടയാടും. ദൗത്യം ആദ്യം. അമേരിക്ക എപ്പോഴും. നമുക്ക് ജോലിയില്‍ പ്രവേശിക്കാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide