
മുംബൈ: ഫെബ്രുവരി 14ന് യുഎസിൽ ഉണ്ടായ ഒരു അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കോമയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥിനിയുടെ അടുക്കലെത്താൻ വീസ കിട്ടാതെ വലഞ്ഞ് ബന്ധുക്കൾ. മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ നിന്നുള്ള താമസിക്കുന്ന നീലം ഷിൻഡെ (35 എന്ന വിദ്യാർഥിനിയാണ് ഫെബ്രുവരി 14 ന് കാലിഫോർണിയയിൽ ഒരു വാഹനം ഇടിച്ച് ആശുപത്രിയിലായത്, നിലവിൽ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
Student Neelam Shinde has met with an accident in the USA and is hospitalized in a local hospital. Her father, Tanaji Shinde, from Satara, Maharashtra, India, urgently needs to visit his daughter due to a medical emergency. Tanaji Shinde has applied for an urgent visa to the USA…
— Supriya Sule (@supriya_sule) February 26, 2025
മഹാരാഷ്ട്രയിലെ അവരുടെ കുടുംബാംഗങ്ങൾ അവരെ കാണാൻ വീസ ലഭിക്കാൻ കേന്ദ്രത്തിന്റെ സഹായം അഭ്യർഥിച്ചിരിക്കുകയാണ്. “ഫെബ്രുവരി 16 ന് അപകടത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞു, അതിനുശേഷം വീസയ്ക്കായി ശ്രമിക്കുകയാണ്. പക്ഷേ ഞങ്ങൾക്ക് ഇതുവരെ അത് ലഭിച്ചിട്ടില്ല,” അവരുടെ പിതാവ് തനാജി ഷിൻഡെ പറഞ്ഞു.അപകടത്തിൽ നീലം ഷിൻഡെയുടെ കൈകാലുകൾ ഒടിയുകയും തലയ്ക്കു പരുക്കേൽക്കുകയും ചെയ്തു.
“പൊലീസ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഫെബ്രുവരി 16 ന് റൂംമേറ്റുകളാണ് വിവരം ഞങ്ങളെ അറിയിച്ചത്. അവർക്ക് വലിയൊരു അപകടം സംഭവിച്ചതായി അവർ ഞങ്ങളോട് പറഞ്ഞു,” നീലത്തിന്റെ അമ്മാവൻ സഞ്ജയ് കദം പറഞ്ഞു.
“അവളുടെ തലച്ചോറിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ ഞങ്ങളുടെ അനുമതി വാങ്ങി. അവൾ ഇപ്പോൾ കോമയിലാണ്, ഞങ്ങൾ അവിടെ എത്തേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.ആശുപത്രി അവരുടെ ആരോഗ്യ വിവരങ്ങൾ ദിവസവും നൽകുന്നുണ്ട്.
വിസയ്ക്കുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അടുത്ത സ്ലോട്ട് അടുത്ത വർഷം മാത്രമേ അതു ലഭിക്കൂ എന്നാണ് അറിയാൻ കഴിഞ്ഞതെന്നും കുടുംബം പറയുന്നു.
നീലം ഷിൻഡെ നാല് വർഷമായി യുഎസിലാണ്, പഠനത്തിന്റെ അവസാന വർഷത്തിലായിരുന്നു.
എൻസിപി (എസ്‌പി) എംപി സുപ്രിയ സുലെ പിതാവ് താനാജി ഷിൻഡെക്ക് വീസ ലഭിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബവുമായി താൻ ഇടപെട്ടിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും സുപ്രിയ സുലെ പറഞ്ഞു.