
ടെക്സസ്: ടെക്സസിലെ ഡെന്‍റണിലെ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ വംഗവൊലു ദീപ്തിയാണ് (23) മരിച്ചത്. ദീപ്തിയുടെ കോഴ്സ് പൂർത്തിയാക്കാൻ വെറും ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഏപ്രിൽ 12ന് സംഭവം ഉണ്ടായത്. ദീപ്തിയും സുഹൃത്ത് സ്നിഗ്ധയും നടന്നുപോകുമ്പോൾ അമിതവേഗതയിൽ വന്ന ഒരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ദീപ്തിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏപ്രിൽ 15ന് ദീപ്തി മരണത്തിന് കീഴടങ്ങി. അപകടത്തിൽ പരിക്കേറ്റ സ്നിഗ്ധ ചികിത്സയിലാണ്. ഏപ്രിൽ 10നാണ് ദീപ്തി അവസാനമായി വിളിച്ചതെന്ന് അമ്മ രമാദേവി പറഞ്ഞു. ക്ലാസ് കഴിഞ്ഞ് വന്നിട്ട് വീണ്ടും സംസാരിക്കാമെന്നാണ് പറഞ്ഞത്. അതായിരുന്നു അവസാന വാക്കുകളെന്നും രമാദേവി പറയുന്നു. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വരാനായി അവൾ ഞങ്ങളെ ക്ഷണിച്ചിരുന്നു. എന്നാൽ ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് അവൾ ഞങ്ങളെ വിട്ടുപോയെന്നാണ് വേദനയോടെ ദീപ്തിയുടെ പിതാവ് ഹനുമന്ത റാവു പറഞ്ഞു.