
വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർഥിയെ യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന സ്വദേശിയായ 27കാരനായ ഗമ്പ പ്രവീൺ എന്ന വിദ്യാർഥിയാണ് മരിച്ചത്. വിസ്കോൺസിനിലെ മിൽവാക്കിയിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് പ്രവീൺ മരിച്ചതെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. രംഗറെഡ്ഡി ജില്ലയിലെ കേശംപേട്ട് മണ്ഡലത്തിൽ രാഘവുലുവിന്റെയും രമാദേവിയുടെയും മകനായ പ്രവീൺ മിൽവാക്കിയിലെ ഒരു സർവകലാശാലയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു.
പഠനത്തിനിടയിൽ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്താണ് യുഎസിൽ ജീവിച്ചിരുന്നത്. താമസ സ്ഥലത്തിനടുത്തുള്ള ബീച്ചിൽ വെച്ച് അജ്ഞാതർ പ്രവീണിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെടിയേറ്റ പ്രവീണിന് വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവീണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് കുടുംബം തെലങ്കാന സർക്കാറിനോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.