യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവം: പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പുറത്താക്കി

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഒടുവില്‍ നടപടി. കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി.

2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാന്‍വി കണ്ടുല (23) അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായിരുന്ന ജാന്‍വി നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കെവിന്‍ ഡേവ് ഓടിച്ചിരുന്ന പട്രോളിംഗ് വാഹനമിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ 100 അടിയോളം അകലേക്ക് ജാന്‍വി തെറിച്ചുവീണു. അപകട സമയത്ത് ഏതാണ്ട് 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി.

അപകട സമയത്ത് സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍വിവാദങ്ങളും ഉടലെടുത്തിരുന്നു. ‘അവള്‍ മരിച്ചു’ എന്നു പറഞ്ഞ് ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മരിച്ചുകിടന്ന ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറഞ്ഞിരുന്നു.

ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കോണ്‍സുലേറ്റും എംബസിയും ഈ വിഷയം കൃത്യമായി നിരീക്ഷിക്കുമെന്നും അന്ന് അറിയിച്ചിരുന്നു.

ഡിപ്പാര്‍ട്ട്മെന്റ് നയങ്ങളുടെ ലംഘനവും അപകടകരമായ ഡ്രൈവിംഗും ഡേവിഡിനെ പിരിച്ചുവിടാനുള്ള കാരണങ്ങളായി ഇടക്കാല പൊലീസ് മേധാവി സ്യൂ റഹര്‍ ചൂണ്ടിക്കാട്ടി. കേസ് സിയാറ്റില്‍ സിറ്റി അറ്റോര്‍ണി ഓഫീസിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide