
ഡാലസ്: കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കവെ ഇന്ത്യന്‍ യുവാവിനെ അമേരിക്കയിലെ ടെക്‌സസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന്‍റെ മൃതദേഹമാണ് പൊലീസ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലി അഭിഷേകെന്ന യുവാവാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കൊല്ലി അഭിഷേകിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. അന്വേഷണം നടക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. അഭിഷേക് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലി അഭിഷേകിനെ ശനിയാഴ്ച പ്രിന്‍സ്റ്റണില്‍നിന്നാണ് കാണാതായത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു വര്‍ഷം മുന്‍പായിരുന്നു അഭിഷേകിന്റെ വിവാഹം. പ്രിന്‍സ്റ്റണിലേക്കു മാറും മുന്‍പ് ഭാര്യയ്ക്കൊപ്പം ഫീനിക്സിലായിരുന്നു താമസം. കഴിഞ്ഞ ആറു മാസമായി അഭിഷേകിനു ജോലിയില്ലായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും സഹോദരന്‍ അരവിന്ദ് പറഞ്ഞു. ഇതിന്‍റെ മാനസിക പ്രയാസവും അഭിഷേക് അനുഭവിച്ചിരുന്നതായും സഹോദരൻ വിവരിച്ചു. ഇതാണ് ആത്മഹത്യയാകാമെന്ന പ്രാഥമിക നിഗമനത്തിന്‍റെ കാരണം.