മുംബൈ: ലോകം കാത്തിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇതിനൊപ്പം തന്നെ ഇഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. 15 അംഗ ടീമിനെയാണ് നായകൻ രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
സ്റ്റാർ പേസര്‍ ബുംറയ്ക്ക് പകരം ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ടി 20 യിലെ പവർ ഫുൾ താരവും മലയാളിയുമായ സഞ്ജു സാംസണും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും ടീമില്‍ ഇടംനേടിയില്ല.
പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്.ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.
ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കുമോ എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ബുംറ ബൗള്‍ ചെയ്തിരുന്നില്ല. ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ അതിനു ശേഷം സ്‌കാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 11 വരെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താമെന്നതിനാല്‍ ബുംറയെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കുകയായിരുന്നു.