
തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് അഞ്ച് വയസ്സുകാരിയുടെ സ്വര്‍ണ്ണ മാല ജീവനക്കാരി മോഷ്ടിച്ചതെന്നാണ് പരാതി. കെമ്പെഗൗഡ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് പെണ്‍മക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പ്രിയങ്ക മുഖര്‍ജിയാണ് പരാതി നല്‍കിയത്. അസ്വസ്ഥയായി കരയാന്‍ തുടങ്ങിയ തന്റെ കുഞ്ഞുങ്ങളില്‍ ഒരാളെ ഒരു വനിതാ ക്യാബിന്‍ ക്രൂ അംഗത്തിന് കൈമാറി. കുട്ടിയെ തിരികെ നല്‍കിയപ്പോള്‍ കുട്ടിയുടെ സ്വര്‍ണ്ണ മാല കാണാനില്ലെന്നാണ് പ്രിയങ്ക പരാതിയില്‍ പറയുന്നത്. ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അദിതി അശ്വിനി ശര്‍മ്മയ്‌ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.