
വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന്‍ നല്‍കിവന്ന എല്ലാ സൈനിക സഹായങ്ങളും നിര്‍ത്തിവച്ചതിന് പിന്നാലെ വീണ്ടും അടികൊടുത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്നുമായി റഷ്യയെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കിടുന്നതും അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റഷ്യയ്ക്കുള്ളിലെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളെക്കുറിച്ചുള്ള ഡാറ്റ ഉള്‍പ്പെടെയുള്ള ഒരു വിവരങ്ങളും അമേരിക്ക നല്‍കില്ല. ഇതോടെ, റഷ്യയിലേക്ക് ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ യുക്രെയ്നിന് തടസ്സമുണ്ടാകും. മാത്രവുമല്ല, മോസ്‌കോയുടെ തന്ത്രപരമായ ബോംബര്‍ വിമാനങ്ങളുടെ നീക്കങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണവും അടക്കം യുക്രെയ്ന്‍ വിവരം ലഭിക്കില്ല.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം.
വെള്ളിയാഴ്ച ട്രംപും സെലെന്‍സ്‌കിയും ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍വെച്ച് അടിച്ചുപിരിഞ്ഞതിനു പിന്നാലെ പ്രതികാര നടപടികളുമായി നീങ്ങുകയാണ് ട്രംപ്. യുദ്ധത്തില്‍ വലയുന്ന യുക്രെയ്‌ന് സൈനിക സഹായങ്ങള്‍ നിര്‍ത്തുമെന്ന് അറിയിച്ചതോടെ മാപ്പുപറഞ്ഞ് സെലെന്‍സ്‌കി ട്രംപിന് സന്ദേശം അയച്ചിരുന്നു. പിന്നാലെയാണ് യുദ്ധത്തിന് സഹായകമാകുന്ന റഷ്യയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് യുഎസ് നിര്‍ത്തിയത്.