
കൊച്ചി: ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റായി മാറിയ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമം കേരളത്തിന് മികച്ച നേട്ടമായി. കേരളത്തിലെത്തുന്ന നിക്ഷേപകർ ഇനി ചുവപ്പുനാട കുരുക്കിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്ത ആഗോള കേരള നിക്ഷേപക സംഗമം രണ്ടാം ദിനത്തിലും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ നിക്ഷേപത്താൽ സമ്പന്നമായി. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനോടകം കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചു.
കേരളത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പി രാജീവ് വ്യക്തമാക്കി. നിക്ഷേപ സൗഹൃദ ഐക്യ കേരളമായി നാട് മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ നിക്ഷേപങ്ങൾക്ക് ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്‌സുകളിൽ മാറ്റം വരുത്താം. കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.
ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റായി മാറിയ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്‍റെ രണ്ടാം ദിനവും നിരവധി പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. 30000 കോടി പ്രഖ്യാപിച്ച അദാനിക്ക് പിന്നാലെ വമ്പൻ നിക്ഷേപകരെല്ലാം കേരളത്തിൽ നിക്ഷേപിക്കാൻ മത്സരിക്കുകയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കിയതാണ് രണ്ടാം ദിവസത്തെ ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.