
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ പാക്-കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച കോള്‍ റെക്കോര്‍ഡുകളിലെ ശബ്ദവുമായി ഒത്തുനോക്കുന്നതിനാണ് റണയുടെ ശബ്ദസാമ്പിള്‍ ശേഖരിക്കുന്നത്.
2008 നവംബറില്‍ മുംബൈയില്‍ 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ചില കോള്‍ റെക്കോര്‍ഡുകളുമായാണ് റാണയുടെ ശബ്ദം ഒത്തുനോക്കുക. റാണയാണോ ഈ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നാണ് സ്ഥിരീകരിക്കുക.
അതേസമയം, ശബ്ദ സാമ്പിള്‍ എടുക്കാന്‍ റാണയുടെ സമ്മതം ആവശ്യമാണ്. റാണ വിസമ്മതിച്ചാല്‍, എന്‍ഐഎയ്ക്ക് കോടതിയില്‍ അതിനുള്ള അനുമതിക്കായി അപേക്ഷിക്കാം. സാമ്പിള്‍ സമര്‍പ്പിക്കാന്‍ വിസമ്മതിക്കുന്നത് കുറ്റപത്രത്തില്‍ പരാമര്‍ശിക്കും. ഇത് വിചാരണ ഘട്ടത്തില്‍ റാണയ്ക്ക് തിരിച്ചടിയാകും. റാണ സമ്മതിച്ചാല്‍, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിദഗ്ധര്‍ എന്‍ഐഎ ആസ്ഥാനത്ത് വന്ന് ശബ്ദരഹിതമായ ഒരു മുറിയില്‍വെച്ച് സാമ്പിളുകള്‍ എടുക്കും.