![](https://www.nrireporter.com/wp-content/uploads/2025/02/IMG-20250205-WA0041.jpg)
ടെഹ്റാൻ: ബദ്ധശത്രുക്കൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ അമേരിക്കയ്ക്ക് അവസരം നൽകാൻ തയാറെന്ന് ഇറാൻ. യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് രാജ്യത്ത് തൻ്റെ “പരമാവധി സമ്മർദ്ദം” ക്യാമ്പയിൻ പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ഇറാനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇങ്ങനെ പ്രതികരിച്ചത്. നേരത്തെ, ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള യുഎസിൻ്റെ ആശങ്ക സങ്കീർണ്ണമായ പ്രശ്നമല്ലെന്നും വൻ നശീകരണ ആയുധങ്ങളോടുള്ള ടെഹ്‌റാൻ എതിർപ്പ് കണക്കിലെടുത്ത് പരിഹരിക്കാനാകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ച്ചിയും പറഞ്ഞിരുന്നു.
അതേസമയം, തന്നെ വധിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇറാനെ തുടച്ച് നീക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ആവശ്യമായ നടപടികൾ എല്ലാം സ്വീകരിക്കാൻ തന്റെ ഉപദേശകർക്ക് നിർദേശം നൽകി കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. ടെഹ്‌റാനിൽ പരമാവധി സമ്മർദം ചെലുത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വയ്ക്കുമ്പോഴാണ് ട്രംപ് ഒരു മുഴം നീട്ടി എറിഞ്ഞത്.
ഇറാൻ അത്തരമൊരു പ്രവർത്തിക്ക് തുനിഞ്ഞാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ വാക്കുകൾ. ട്രംപിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരായ ഇറാനിയൻ ഭീഷണി വർഷങ്ങളായി ഫെഡറൽ അധികാരികൾ നിരീക്ഷിച്ചു വരികയാണ്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന് പെന്നിസിൽവാനിയയിൽ വെച്ച് വെടിയേറ്റിരുന്നു.
എന്നാൽ അത് ഇറാന്റെ വധശ്രമമായിരുന്നില്ലെന്ന് അധികാരികൾ വ്യക്തമാക്കിയിരുന്നു.പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ട്രംപിനെ വധിക്കാനുള്ള ഇറാന്റെ പദ്ധതി ഇല്ലാതാക്കിയതായി നീതി വകുപ്പ് നവംബറിൽ വെളിപ്പെടുത്തിയത് ഏറെ ചർച്ചയായി മാറിയിരുന്നു. ട്രംപിനെ നിരീക്ഷിക്കാനും വധിക്കാനും 51കാരനായ ഫർഹാദ് ഷകേരിയെ സെപ്റ്റംബറിൽ ഇറാൻ ചുമതലപ്പെടുത്തിയിരുന്നതായും ഇയാളിപ്പോൾ ഇറാനിൽ ഒളിവിലാണെന്നുമായിരുന്നു ആരോപണം.