
വാഷിംഗ്ടൺ: ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫായേൽ ഗ്രോസിയുടെ വെളിപ്പെത്തൽ. ആണവായുധം നിർമിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോൾ അവരുടെ കൈവശമുണ്ട്. എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാമെന്നും റഫായേൽ ഗ്രോസി പറഞ്ഞു. ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രോസി ഇക്കാര്യങ്ങൾ പറഞ്ഞത്. ആണവായുധം സ്വായത്തമാക്കുന്നതിൽ നിന്ന് ഇറാൻ ഒട്ടും അകലെയല്ലെന്നുള്ള മുന്നറിയിപ്പാണ് ഗ്രോസി നൽകുന്നത്.
ആണവ പദ്ധതികളുമായി ചർച്ചയ്ക്കായി ഇറാനിലേക്ക് തിരിക്കുന്നതിന് മുമ്പാണ് ഗ്രോസിയുടെ ഈ പരാമർശം. ആണവ പദ്ധതിയിലെ പുരോഗതികൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഗ്രോസിയുടെ ഇറാൻ സന്ദർശനം. ആണവായുധം നിർമിക്കുക എന്നത് ജിഗ്‌സോ പസിൽ പോലെയാണ്. ഇറാന്റെ പക്കൽ ഇപ്പോൾ അതിനുള്ള എല്ലാ സാമഗ്രികളുമുണ്ട്. ഇനി അവയെ ഒന്നിപ്പിച്ചാൽ മാത്രം മതിയാകും. അണുബോംബ് ഉണ്ടാക്കുന്നതിൽ നിന്ന് അധികം അകലെയല്ല അവർ. അതെപ്പോൾ വേണമെങ്കിലും നടന്നേക്കുമെന്നും ഗ്രോസി കൂട്ടിച്ചേർത്തു.