
കൊച്ചി : നിരവധിപ്പേരെ വട്ടംചുറ്റിച്ച പാതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പങ്ക് തെളിയിക്കുന്നതിനായി കൂടുതല്‍ രേഖകള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലുള്ള രേഖകളാണ് ഡി സി സി വൈസ് പ്രസിഡന്റ് സുമേഷ് അച്ച്യുതന്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്.
സീഡ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പ്രേം കുമാറിന്റെ പേരിലാണെന്ന് സുമേഷ് ആരോപിച്ചു. പ്രേം കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. ചിറ്റൂരില്‍ സീഡ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖയാണിത്.
അതേസമയം, പ്രേംകുമാര്‍ മന്ത്രിയുടെ സന്തത സഹചാരിയാണെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി രാജിവെക്കണമെന്നും മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചിറ്റൂര്‍ സോഷ്യ ഇക്‌ണോമിക് എന്‍വിറോണ്‍മെന്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (ചിറ്റൂര്‍ സീഡ്‌സ്) രജിസ്റ്റര്‍ ചെയ്തത് സ്റ്റാഫിന്റെ വീട്ട് അഡ്രസിലാണെന്നതിനും രേഖയുണ്ട്. 2000 ത്തോളം പേരില്‍ നിന്ന് പണം തട്ടിയത് മന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്നും കോണ്‍ഗ്രസ് പറയുന്നു.