
വാഷിങ്ടണ്‍: ബുധനാഴ്ചയാണ് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും റഷ്യ ആ പട്ടികയിൽ ഇല്ല.
പകരച്ചുങ്കത്തിന് വിധേയമാകുന്ന എല്ലാ രാജ്യങ്ങളുടേയും പട്ടിക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചുവെങ്കിലും ആ പട്ടികയില്‍ റഷ്യയുടെ പേര് ഇല്ലായിരുന്നു. റഷ്യയ്ക്കുമേലുള്ള യുഎസിന്റെ ഉപരോധങ്ങള്‍ ഇതിനകം തന്നെ റഷ്യയുമായുള്ള വ്യാപാരത്തെ തടയുന്നുണ്ടെന്ന കാരണത്താലാണ് ഈ പട്ടികയില്‍നിന്ന് റഷ്യ ഒഴിവാക്കപ്പെട്ടതെന്ന് യുഎസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
എന്നാല്‍, ഇതൊരു മതിയായ കാരണമല്ലെന്ന വിലയിരുത്തലുണ്ട്. ട്രംപിന്റെ നികുതി പട്ടികയില്‍ ഉള്‍പ്പെട്ട മൗറീഷ്യസ്, ബ്രൂണേ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ കച്ചവടം യുഎസും റഷ്യയും തമ്മില്‍ നടക്കുന്നുണ്ട്. എന്നിട്ടും റഷ്യയെ പകരച്ചുങ്കത്തില്‍നിന്ന് ട്രംപ് ഒഴിവാക്കി. ക്യൂബ, ബെലാറുസ്, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലില്ല.
ഈ രാജ്യങ്ങള്‍ക്ക് മേല്‍ നിലവില്‍ ചുമത്തിവരുന്ന ചുങ്കവും ഉപരോധങ്ങളും തന്നെ ധാരാളമാണെന്നതിനാലാണ് അവയെ ഒഴിവാക്കിയത്. യുക്രെയ് ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥ ചര്‍ച്ച നടത്തുന്ന യുഎസിനോട് ഉപരോധങ്ങളില്‍ ചിലത് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Is Trump afraid of Putin no reciprocal tariffs for Russia