
ജറുസലേം: റമദാൻ മാസത്തിൽ ഗസയിൽ സമാധാനം തുടരും. റമദാൻ വ്രതാരംഭത്തിന്‍റെ പശ്ചാത്തലത്തിൽ ആക്രമണം വേണ്ടെന്ന അമേരിക്കൻ നിർദേശം ഇസ്രായേൽ അംഗീകരിച്ചതോടെ ഗസയിലെ മനുഷ്യർക്ക് വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ഗസ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ടം അവസാനിച്ച സാഹചര്യത്തിലാണ് അമേരിക്ക പുതിയ നിർദേശം മുന്നോട്ടുവെച്ചത്. ഈജിപ്തിൽ നടന്ന രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
അതേസമയം, ഹമാസിന്റെ പക്കലുള്ള ബന്ദികളിൽ പകുതി പേരെ ഇപ്പോൾ കൈമാറണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ല. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അതിക്രമം തുടരുന്നു. കരാറിൽ നിന്ന് പിറകോട്ട് പോകാൻ നെതന്യാഹുവിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ട് ബന്ധികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇത്തരം സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് നെതന്യാഹു തിരിച്ചടിച്ചു.