
ഗാസ സിറ്റി : ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ സമാധാനം പുലരാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ താതക്കാലികമായി നിലച്ചിരിക്കെ ഗാസയില്‍ വ്യാപക ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. ഏറ്റവും പുതിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതിനാല്‍ ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളില്‍ വിപുലമായ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ഇസ്രായേല്‍ ചൊവ്വാഴ്ച അറിയിച്ചു. ജനുവരി 19 ന് ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഗാസയിലെ രക്ഷാപ്രവര്‍ത്തകരും പറയുന്നു.
ഗാസ മുനമ്പിലെ ഹമാസിന്റെ കേന്ദ്രങ്ങളാണ് ആക്രമിക്കുന്നതെന്ന് ഇസ്രായേല്‍ സൈന്യം എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. മാത്രമല്ല, ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് ആവര്‍ത്തിച്ച് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ വ്യാപിപ്പിക്കുന്നതെന്നും സൈന്യം കുറിച്ചിട്ടുണ്ട്.