
ന്യൂഡല്‍ഹി : ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവച്ചതിനു പിന്നാലെയാണ് ഗാസ കൂടുതല്‍ ദുരിതത്തിലേക്ക് കൂപ്പുകുത്തുന്നത്.
യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട 20 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്നതു പുറത്തുനിന്നെത്തുന്ന ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളാണ്.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍, എത്തിയ ഭക്ഷണവസ്തുക്കള്‍ ഏതാണ്ട് മുഴുവന്‍ വിതരണം ചെയ്തതുവെന്നും ഗാസയില്‍ വലിയതോതില്‍ നീക്കിയിരിപ്പില്ലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ഏജന്‍സി- വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ഉപരോധമെന്ന് ഇസ്രയേല്‍ പറയുന്നു. ഹമാസുമായി എത്തിച്ചേര്‍ന്ന വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത് ഇസ്രയേല്‍ വൈകിപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ ഗാസയ്ക്കുള്ള സഹായം തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്. സമ്മര്‍ദം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നും ഹമാസ് കരാര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം ഗാസയിലേക്കുള്ള വൈദ്യുതിവിതരണം പൂര്‍ണമായി തടയാന്‍ നീക്കമുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
രണ്ടാഴ്ചത്തേക്ക് കൂടിയുള്ള കരുതല്‍ ഭക്ഷണ ശേഖരമേ ഇനി ഉള്ളൂവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ഏജന്‍സി പറയുന്നു. ഭക്ഷണ ലഭ്യത കുറയുന്നതോടെ കടുത്ത ദാരിദ്ര്യത്തിലേക്കും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും ഗാസ നീങ്ങും.