ജറുസലം : ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ജനുവരി 19ന് ആരംഭിച്ച ഗാസ വെടിനിര്‍ത്തലില്‍ ഇസ്രായേലിനെതിരെ കടുത്ത ആരോപണങ്ങളുമായി ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും ഹമാസ് നിലപാട് സ്വീകരിച്ചു.
ശനിയാഴ്ച മോചിപ്പിക്കാനിരുന്ന ബന്ദികളെ ഉടന്‍ കൈമാറില്ലെന്നാണ് ഹമാസ് അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നാണ് ഹമാസിന്റെ നിലപാട്.
എന്നാല്‍, തീവ്രനിലപാടുകാരായ നെതന്യാഹുവിന്റെ സഖ്യകക്ഷികള്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.
ഹമാസ് ബന്ദികളെ വിടുന്ന ദൃശ്യങ്ങള്‍ നാത്സി തടങ്കല്‍പാളയങ്ങളില്‍ നിന്നു മോചിപ്പിക്കപ്പെട്ടവരെ അനുസ്മരിപ്പിക്കുന്നുവെന്നും ഇതു ക്ഷമ കെടുത്തുന്നെന്നും യഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം വിട്ട മൂന്ന് ഇസ്രയേലി ബന്ദികള്‍ അവശനിലയിലായിരുന്നതു ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇതു പറഞ്ഞത്. ഗാസയില്‍ ഇനി ശേഷിക്കുന്നത് 76 ബന്ദികളാണ്.