
ഗാസസിറ്റി : ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 322 കുട്ടികള്‍ മരിക്കുകയും 609 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കുട്ടികളുടെ ഏജന്‍സി യുനിസെഫ്.
കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത കുട്ടികളില്‍ ഭൂരിഭാഗവും കുടിയിറക്കപ്പെട്ടവരാണ്. താല്‍ക്കാലിക കൂടാരങ്ങളിലോ കേടുപാടുകള്‍ സംഭവിച്ച വീടുകളിലോ ആണ് ഇവര്‍ അഭയം തേടിയിരുന്നത്. രണ്ട് മാസത്തേക്ക് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച ഇസ്രയേല്‍ മാര്‍ച്ച് 18ന് ഗാസയില്‍ തീവ്രമായ ബോംബാക്രമണം പുനരാരംഭിച്ചതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
വെടിനിര്‍ത്തല്‍ സമയത്ത് കുട്ടികളില്‍ വലിയ ആശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടരുന്നത് കുട്ടികളെ ഭീതിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും.
18 മാസത്തെ യുദ്ധത്തില്‍ 15,000ല്‍ അധികം കുട്ടികള്‍ കൊല്ലപ്പെട്ടതായും 34,000ല്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 10 ലക്ഷത്തോളം കുട്ടികള്‍ കുടിയിറക്കപ്പെടുകയും അടിസ്ഥാന സേവനങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തു.