
ജറുസലേം: മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 333 പലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രായേലും. റാമല്ലയിലാണ് പലസ്തീൻ തടവുകാരെയും വഹിച്ചു കൊണ്ടുള്ള ബസുകൾ എത്തിയത്. ഗാസ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായുള്ള ആറാമത്തെ ബന്ദി കൈമാറ്റമാണ് ഖാൻയൂനിസിൽ നടന്നത്. അമേരിക്കൻ – ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ ചെൻ, റഷ്യൻ – ഇസ്രായേൽ വംശജൻ അലക്‌സാണ്ടർ ട്രൂഫനോവ്, യെയർ ഹോൺ എന്നീ ബന്ദികളെയാണ് ഹമാസ് ഇന്ന് രാവിലെ റെഡ് ക്രോസിന് കൈമാറിയത്.
വിട്ടയച്ച അമേരിക്കൻ – ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ ചെനിന്‍റെ മകൾക്ക് സമ്മാനമായി സ്വർണ നാണയം ഹമാസ് സമ്മാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസ് ബന്ദിയാക്കി നാല് മാസത്തിന് ശേഷം ഡെക്കൽ ചെനിന് മകൾ ജനിച്ചത്.
വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചതിനെ തുടർന്ന് ആറാംഘട്ട ബന്ദി കൈമാറ്റം നിർത്തിവെക്കുന്നതായി ഹമാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.