ഹമാസ് കൈമാറിയ മൃതദേഹം ഷിരി ബിബാസിന്റേതില്ലെന്ന് ഇസ്രയേല്‍, കനത്ത വിലനല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഒടുവില്‍ യഥാര്‍ഥ മൃതദേഹം വിട്ടുനല്‍കി

ന്യൂഡല്‍ഹി : വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ നാല് ബന്ദികളുടെ മൃതദേഹങ്ങളെ ചുറ്റിപ്പറ്റി പുതിയ വിവാദം. ഷിരി ബിബാസിന്റേതെന്ന് പറഞ്ഞ് നല്‍കിയത് മറ്റൊരാളുടേതെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. കൈമാറിയ മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് ഇസ്രയേലിന്റെ ആരോപണം. ഒടുവില്‍ ഹമാസ് യഥാര്‍ഥ മൃതദേഹം വിട്ടുനല്‍കി.

ഇസ്രായേലുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ നിബന്ധനകള്‍ പാലിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്, ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കുമെന്ന് ഹമാസ് പ്രതികരിച്ചു. പിന്നാലെയാണ് ഷിരിയുടെ മൃതദേഹം കൈമാറിയത്.

ആദ്യം കൈമാറിയ നാല് മൃതദേഹങ്ങളില്‍ രണ്ടെണ്ണം ഷിരിയുടെ ഇളയ മക്കളായ കഫിറും ഏരിയലും മറ്റൊരു ബന്ദിയായ ഒഡെഡ് ലിഫ്ഷിറ്റ്സും ആണെന്ന് ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. പക്ഷേ മറ്റൊന്ന് ഷിരി ബിബാസിന്റേതല്ലെന്നും മറ്റ് ബന്ദികളുമായി പൊരുത്തപ്പെടുന്നില്ലെന്നും സൈന്യം കണ്ടെത്തി. ‘ഇത് ഒരു അജ്ഞാത, തിരിച്ചറിയപ്പെടാത്ത മൃതദേഹമാണ്,’ സൈന്യം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഹമാസ് നടത്തിയത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ ക്രൂരതയ്ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി. പിന്നീടാണ് യഥാര്‍ഥ മൃതദേഹം കൈമാറിയത്‌.

എന്നാല്‍ ഹമാസിന്റെ തടവിലിരിക്കെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഷിരി മരിച്ചത് എന്ന ആരോപണത്തെച്ചൊല്ലി ഹമാസും ഇസ്രയേലും തര്‍ക്കം തുടരുകയാണ്. 2023 ഒക്ടോബര്‍ ഏഴിനു തെക്കന്‍ ഇസ്രയേല്‍ ആക്രമിച്ച ഹമാസ് അവിടെനിന്നും തട്ടിക്കൊണ്ടുപോയവരില്‍ 32കാരിയായ ഷിറീ ബീബസും മക്കളുമുണ്ടായിരുന്നു. ഷിരിയുടെ മക്കളായ കഫിറിന് ഒന്‍പതുമാസം മാത്രം പ്രായവും ഏരിയലിന് നാലുവയസ്സുമായിരുന്നു പ്രായം.

More Stories from this section

family-dental
witywide