![](https://www.nrireporter.com/wp-content/uploads/2025/02/TRUMP-1-1.jpg)
വാഷിംഗ്ടണ്‍: അമേരിക്ക ഗാസ മുനമ്പ് ഏറ്റെടുത്ത് സ്വന്തമാക്കുമെന്നും പുനര്‍നിര്‍മ്മിക്കുമെന്നും കഴിഞ്ഞദിവസമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പലസ്തീന്‍കാര്‍ ഗാസ ഒഴിയണമെന്നും മറ്റ് രാജ്യങ്ങളില്‍ അഭയം തേടണമെന്നുകൂടി പറഞ്ഞതോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തോട് പലരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇവിടെ വേരൂന്നിയവരാണ് ഗാസയിലെ ജനങ്ങളെന്നും അവരെ പിഴുതെറിയാന്‍ സമ്മതിക്കില്ലെന്നും ഹമാസ് നേതാക്കളും പ്രതികരിച്ചു. പിന്നാലെ നിലപാട് മയപ്പെടുത്തി ട്രംപ് എത്തി.
ഗാസയ്ക്കുവേണ്ടി താന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം നടപ്പിലാക്കാന്‍ യുഎസ് സൈനികരെ ആവശ്യമില്ല എന്നാണ് അദ്ദേഹം വ്യാഴാഴ്ച അതിരാവിലെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ വിശദീകരിക്കുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന വിചിത്രമായ നിര്‍ദേശം ട്രംപ് മുന്നോട്ടുവെച്ചത്. പലസ്തീനികള്‍, അറബ് സര്‍ക്കാരുകള്‍, ലോക നേതാക്കള്‍ എന്നിവരില്‍ നിന്ന് വിമര്‍ശനങ്ങളുടെ ഒരു തരംഗമാണ് ട്രംപ് നേരിട്ടത്. ബുധനാഴ്ചയോടെ അദ്ദേഹത്തിന്റെ ഭരണകൂടം ഈ നിര്‍ദ്ദേശത്തില്‍ നിന്ന് പിന്നോട്ട് പോയി. ശത്രുതാപരമായ ഉദ്ദേശത്തോടെയല്ല ട്രംപ് അഭിപ്രായം പറഞ്ഞത് എന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വിശദീകരണവുമായി എത്തി.
‘യുദ്ധത്തിന്റെ അവസാനം ഗാസ മുനമ്പ് ഇസ്രായേല്‍ അമേരിക്കയ്ക്ക് കൈമാറും’ എന്നാണ് ഇന്നത്തെ പോസ്റ്റില്‍ ട്രംപ് കുറിച്ചത്. മാത്രമല്ല, പലസ്തീനികളെ ‘ഈ മേഖലയില്‍ പുതിയതും ആധുനികവുമായ വീടുകളുള്ള, കൂടുതല്‍ സുരക്ഷിതവും മനോഹരവുമായ സമൂഹങ്ങളിലേക്ക് തന്നെ പുനരധിവസിപ്പിക്കുമെന്ന സൂചനയും അദ്ദേഹം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ നിലപാടില്‍ മയം വരുത്തിയാണ് ഇന്ന് ട്രംപ് ചുവടുവെച്ചത്. അതേസമയം തന്നെ ട്രംപിന്റെ പോസ്റ്റ് അവ്യക്തവുമാണ്. ഗാസ അമേരിക്ക ഏറ്റെടുക്കും എന്നതില്‍ നിന്നും ഇസ്രയേല്‍ നല്‍കും എന്നായിട്ടുണ്ട്. പലസ്തീനികളെ പുനരധിവസിപ്പിക്കുമെന്നും ട്രംപ് പറയുന്നു.