
ടെൽ അവീവ്: ഇസ്രയേലും ഹമാസും അംഗീകരിച്ച ഗാസയിലെ വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ. കരാർ അംഗീകരിക്കാനായി ഇസ്രയേൽ മന്ത്രിസഭ യോഗം ചേരുന്നത് വൈകുന്നതാണ് കാരണം. അതിനിടെ ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഹമാസ് അവസാന നിമിഷം ധാരണ ലംഘിച്ചെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന ഇസ്രയേൽ നിലപാടിനെ ബാധിക്കുമോയെന്നും ആശങ്കയുയർന്നതാണ് .
ഖത്തറിൽ നിന്ന് പ്രതിനിധി സംഘം മടങ്ങിയെത്തിയ ശേഷമാകും ഇസ്രായേൽ മന്ത്രിസഭാ യോഗം ചേരുക. ഹമാസ് ധാരണാ ലംഘിച്ചെന്ന് നെതന്യാഹു ആരോപിച്ചതിനാൽ മന്ത്രിസഭാ യോഗം നീളുമെന്ന് ബെഞ്ചമിൻ നെതന്യാഹും പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രയേലിന്‍റെ ആരോപണം ഹമാസ് നിഷേധിച്ചു.
അതേസമയം അംഗീകരിച്ച ധാരണകൾ പാലിക്കുമെന്നും ഹമാസ് വ്യക്തമാക്കി. ഇന്നലെ അർധരാത്രി വെടിനിർത്തൽ കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായ ശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തി എന്നതാണ് മറ്റൊരു വസ്തുത. 73 മുതൽ 80 വരെ പേർ കൊല്ലപ്പെട്ടു. വെടിനിർത്തലിന് ശേഷം ഗാസ, പലസ്തീനിയൻ അതോറിറ്റിയാകണം ഭരിക്കേണ്ടതെന്ന നിലപാട് പലസ്തീൻ പ്രധാനമന്ത്രി വ്യക്തമാക്കി.